ഒരു ഉദാഹരണം കണ്ടാലോ?

മഴക്കാലത്ത് വെള്ളം കയറുന്ന ഒരു റോഡ്

ഒരു വാർഡിലെ ഒരു റോഡിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുകയും സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്നു.

ഇത് പുതിയതായി പരിഹാരം കണ്ടെത്തേണ്ട ഒരു അടിയന്തര സാഹചര്യമല്ല.

മഴക്കാലത്ത് പതിവായി ചെയ്യേണ്ട ഓടകളും കനാലുകളും വൃത്തിയാക്കൽ, വെള്ളം തിരിച്ചുവിടൽ, ആവശ്യമായാൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റൽ തുടങ്ങിയ അടിയന്തര പ്രവർത്തനങ്ങൾ നിലവിലുള്ള സംവിധാനത്തിലൂടെ തന്നെ തുടരും.

ഇവിടെ പരിഗണിക്കുന്നത് അതിനപ്പുറമുള്ള ഒരു സ്ഥിരമായ പരിഹാരമാണ്.

എല്ലാ മഴക്കാലത്തും ഇതേ പ്രശ്നം ആവർത്തിക്കാതിരിക്കാൻ പുതിയ ഡ്രെയിനേജ് സംവിധാനം, റോഡിന്റെ രൂപകൽപ്പനയിലെ മാറ്റം, അല്ലെങ്കിൽ മറ്റൊരു സ്ഥിരമായ പരിഹാരം ആവശ്യമാണോ എന്നതാണ് ഗ്രാമസഭ പരിഗണിക്കുന്നത്.

നിലവിലുള്ള സേവനങ്ങളും അടിയന്തര പ്രവർത്തനങ്ങളും തുടരും; പുതിയ സ്ഥിരമായ പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ആരംഭിക്കും.

അങ്ങനെ നിങ്ങൾ ഒരു ആവശ്യം രേഖപ്പെടുത്താൻ പോകുന്നു.

1. ആവശ്യം

“ഈ റോഡിലെ വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറുന്നതിനും സ്ഥിരമായ പരിഹാരം വേണം.”

ആവശ്യം രേഖപ്പെടുത്തുന്നതിന് നിങ്ങൾക്ക് മൂന്ന് വഴികളുണ്ട്. അതിനുള്ള സമയപരിധി നിങ്ങളുടെ പഞ്ചായത്തിലെ ആകെ വാർഡുകളുടെ എണ്ണത്തേക്കാൾ ഒരു ദിവസം അധികമായിരിക്കും. അതായത് നിങ്ങളുടെ പഞ്ചായത്തിൽ 10 വാർഡുകൾ ഉണ്ടെങ്കിൽ 11 പ്രവർത്തി ദിവസങ്ങൾ ആയിരിക്കും സമയ പരിധി. സമയപരിധി അവസാനിച്ച ശേഷം ലഭിച്ച ആവശ്യങ്ങൾ അടുത്ത ഗ്രാമസഭാ ചക്രത്തിലേക്ക് മാറ്റപ്പെടും.

ഓരോ വാർഡിലും ഓരോ ദിവസങ്ങളിലായി ഗ്രാമസഭ നടക്കുകയും ഉദ്യോഗസ്ഥർ നേരിട്ട് ആവശ്യങ്ങൾ രേഖപ്പെടുത്തി രസീത്‌ നൽകുന്നതുമാണ്. അല്ലാതെ മൊബൈൽ വഴിയോ സമയം മുൻകൂട്ടി നിശ്ചയിച്ച് ഗ്രാമകേന്ദ്രം വഴിയോ ആവശ്യം രേഖപ്പെടുത്താം.

നിങ്ങളുടേത് ഒരു പൊതുആവശ്യം ആയത് കൊണ്ട് നിലവിൽ അതേ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് വോട്ട് നൽകി പിന്തുണക്കാം. വോട്ട് നൽകുന്നതോടെ പിന്തുണച്ച ആവശ്യത്തിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കൂട്ടി ചേർക്കാനാകും.

2. മുൻഗണന

പൊതുആവശ്യം ആയതിനാൽ സമയപരിധി അവസാനിക്കുമ്പോൾ ലഭിച്ച വോട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും പരിഗണിക്കപ്പെടുന്നത്. നിങ്ങൾക്ക് സ്വകാര്യ ആവശ്യം ഉന്നയിച്ച് സമയത്തിന്റെ അടിസ്ഥാനത്തിലും ആവശ്യങ്ങൾ ഉന്നയിക്കാം. പക്ഷെ, സ്വകാര്യആവശ്യം നിലവിൽ ഉള്ളപ്പോൾ മറ്റൊരു പൊതു ആവശ്യം ഉന്നയിക്കാനോ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിങ്ങൾക്ക് സാധിക്കില്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഒരു പൊതുആവശ്യത്തിന്റെ അതേ സാധ്യതയാണ് നിങ്ങളുടെ ആവശ്യത്തിനെങ്കിൽ ഉദ്യോഗസ്ഥർ നിങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആവശ്യം കൂടുതൽ വോട്ട് ലഭിച്ച ആവശ്യവുമായി കൂട്ടിച്ചേർക്കാൻ അനുമതി തേടും. അത് വഴി നിങ്ങളുടെ ആവശ്യം വോട്ടിന്റെ പരിമിതി മറികടന്ന് പരിഗണിക്കപ്പെടുകയും പഞ്ചായത്ത് പോലെയുള്ള ഉയർന്ന തലങ്ങളിൽ ആസൂത്രണം മെച്ചപ്പെടുത്തി ചിലവ് ചുരുക്കി ഫലപ്രദമായ പദ്ധതി നടപ്പിലാക്കാനും സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട ആവശ്യത്തിന് കണ്ടെത്തിയ പരിഹാരം നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമല്ലെങ്കിൽ അടുത്ത സീസണിലേക്ക് മാറ്റാവുന്നതാണ്.

3. തിരഞ്ഞെടുക്കൽ

ഓരോ ആവശ്യത്തിനും വേണ്ടി വരുന്ന ഏകദേശ തുക ഉദ്യോഗസ്ഥർ കണക്കാക്കി ലഭിച്ച വോട്ടിന്റെ അടിസ്‌ഥാനത്തിൽ ഓരോന്നായി പരിഹാരങ്ങൾക്കായുള്ള ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കും. പൊതു ആവശ്യങ്ങൾക്കായി നീക്കി വെച്ച മുഴുവൻ തുകയും തീർന്നാൽ ബാക്കിയുള്ളവ അടുത്ത സീസണിലേക്ക് പരിഗണിക്കുന്നതാണ്.

പരിഗണിക്കപ്പെടാതെ പോയ പൊതുആവശ്യങ്ങൾക്ക് ലഭിച്ച വോട്ടുകൾ അടുത്ത സീസണിലും തുടരും. അതിനാൽ ഓരോ സീസണിലും പുതിയതായി സംഘടിതമായി വോട്ട് ചെയ്ത് ഒരേ വിഭാഗത്തിന്റെ ആവശ്യങ്ങൾ മാത്രം മുൻഗണന നേടുന്നത് ബുദ്ധിമുട്ടാകും.

വ്യക്തിഗതമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ ഏറ്റവും ആദ്യം ഉന്നയിക്കെപ്പെട്ടതേത് എന്നതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് പരിഹാരങ്ങൾക്കായുള്ള ലിസ്റ്റിലേക്ക് മാറ്റും. ഓരോന്നിനും ഏകദേശതുക കണക്കാക്കി വ്യക്തിഗത ആവശ്യങ്ങൾക്കായി നീക്കി വെച്ച മുഴുവൻ തുക വരെയുള്ളവ തിരഞ്ഞെടുക്കും. ബാക്കിയുള്ളവ അടുത്ത സീസണിൽ പരിഗണിക്കും.

വ്യക്തിഗതമായി ഉന്നയിക്കപ്പെട്ടത് ഒരു പൊതുആവശ്യമാണെങ്കിൽ അപേക്ഷകന്റെ സമ്മതത്തോടെ അതും പൊതുജനങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനായി പരസ്യപ്പെടുത്തും. തികച്ചും സ്വകാര്യആവശ്യമാണെങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ നീക്കം ചെയ്ത ശേഷം അതും പരിഹാരങ്ങൾ ലഭിക്കാനായി പരസ്യപ്പെടുത്തും.

4. പരിഹാരം

പരിഹാരത്തിനായി മാറ്റിയ ഓരോ ആവശ്യങ്ങളും വിവരശേഖരണം പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ പ്രസിദ്ധീകരിക്കുന്നു.

നിലവിലുള്ള ഓട വൃത്തിയാക്കുന്നത് മതിയോ? പുതിയ ഓട റോഡിന്റെ മറുഭാഗത്ത് വേണമോ? റോഡിന്റെ ഉയരം കൂട്ടേണ്ടതുണ്ടോ?

എന്നിങ്ങനെ പല വിധ പരിഹാരമാർഗ്ഗങ്ങൾ ജനങ്ങൾ നിർദ്ദേശിക്കുന്നു. ഓരോ അഭിപ്രായത്തിനും ചെലവ്, സാങ്കേതിക സാധ്യത, നിയമപരമായ നിയന്ത്രണങ്ങൾ, ബാധിക്കപ്പെടുന്ന മറ്റ് ആളുകൾ തുടങ്ങിയവ പരിശോധിച്ച് വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി മറുപടി നൽകുന്നു. ജനങ്ങളുടെ സംശയങ്ങൾ മുഴുവൻ തീർത്ത ശേഷം ഏറ്റവും അനുയോജ്യമായ പരിഹാരം കമ്മിറ്റി മുന്നോട്ട് വെക്കുന്നു.

5. വാർഡ് ബജറ്റ് തീർന്നാൽ?

വാർഡ് തലത്തിൽ ലഭ്യമായ തുകയിൽ എത്ര പദ്ധതികൾ നടപ്പാക്കാനാകുമെന്ന് കണക്കാക്കി, മുൻഗണനാക്രമത്തിൽ അത്രയും ആവശ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ബാക്കിയുള്ള ആവശ്യങ്ങൾ അടുത്ത സീസണിലേക്ക് മാറ്റുന്നു. വാർഡ് തലത്തിൽ പരിഹരിക്കാൻ കഴിയാത്തതോ അധിക തുക ആവശ്യമായതോ ആയ ആവശ്യങ്ങൾ ഉയർന്ന ഭരണതലത്തിൽ പരിഗണിക്കാം.

6. ഒരാൾ പരിഹാരം നിരസിച്ചാൽ?

പരിഹാരം അംഗീകരിക്കാനാകാത്ത സാഹചര്യത്തിൽ ആദ്യം അതേ ഭരണതലത്തിൽ തന്നെ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ മാത്രമേ അടുത്ത ഭരണതലത്തിലേക്ക് മാറ്റുകയുള്ളൂ. അടുത്ത ഭരണതലത്തിലും അതാത് ഉദ്യോഗസ്ഥരും ജനപ്രതിനിധിയും വ്യക്തിയുമായി വീണ്ടും ചർച്ച തുടരും.

7. പെട്ടെന്ന് പ്രളയം വന്നാൽ?

അതിനിടയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. അടിയന്തര സാഹചര്യത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു. അടിയന്തര സാഹചര്യം നിയന്ത്രിച്ചതിന് ശേഷം സാധാരണ ഗ്രാമസഭാ പ്രക്രിയ തുടരും.

8. പദ്ധതി നടപ്പിലാക്കുന്നു

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പുതിയ ഓട നിർമിക്കാം എന്നത് അപേക്ഷകനായ നിങ്ങൾ അംഗീകരിക്കുന്നതോടെ പദ്ധതി നടപ്പിലാക്കുന്നു. തുടർന്ന് ടെൻഡർ നടപടികൾ, കരാർ തിരഞ്ഞെടുപ്പ്, നിർമ്മാണപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ഓരോ ഘട്ടവും നിങ്ങളെ നേരിട്ട് അറിയിക്കുന്നു. കൂടാതെ മൊബൈൽ ആപ്പ് വഴി ഏതൊരു പൗരനും ഓരോ ഘട്ടത്തിലും സംശയങ്ങൾ ഉന്നയിക്കാവുന്നതും അഭിപ്രായം രേഖപ്പെടുത്താവുന്നതുമാണ്.

9. പൂർത്തിയായ ശേഷം

പുതിയ ഓട നിർമ്മിച്ച ശേഷം പദ്ധതി പൂർത്തിയായി എന്ന് അടയാളപ്പെടുത്തി കഴിഞ്ഞാലും നിങ്ങളുടെ ആവശ്യം ചുരുങ്ങിയത് ഒരു വർഷക്കാലത്തേക്ക് എങ്കിലും സജീവമായി തുടരും. അടുത്ത മഴക്കാലത്തിന് ശേഷം

വെള്ളക്കെട്ട് കുറഞ്ഞോ? വീടുകളിലേക്ക് വെള്ളം കയറുന്നത് അവസാനിച്ചോ? നിർമ്മാണത്തിൽ എന്തെങ്കിലും കുറവുണ്ടോ?

എന്നിങ്ങനെ ഓരോന്ന് പരിഗണിച്ചു ജനങ്ങളിൽ ആർക്ക് വേണമെങ്കിലും ഈ ആവശ്യത്തിന് നേരെ പുനഃപരിശോധന ആവശ്യപ്പെടാം. അതായത്, പദ്ധതി പൂർത്തിയായി എന്നതോടെ ആവശ്യം അവസാനിക്കുന്നില്ല; ആവശ്യമായ തിരുത്തലുകൾ വീണ്ടും പരിഗണിക്കാം.

ആവശ്യം പൂർത്തിയായി എന്നത് നിങ്ങൾ അടയാളപ്പെടുത്തുമ്പോൾ ഗ്രാമസഭയുടെ പ്രവർത്തനങ്ങളിലോ പദ്ധതിയുടെ ഏതെങ്കിലും ഘട്ടത്തിലോ അങ്ങനെ എന്തെങ്കിലും പ്രവർത്തനം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് കൂടെ എഴുതി ചേർക്കാവുന്നതാണ്.

ഇതാണ് ആവശ്യപ്രേരിത ജനാധിപത്യത്തിന്റെ അടിസ്ഥാന ചക്രം:

ആവശ്യം → മുൻഗണന → പരിഹാരം → തീരുമാനം → നടപ്പാക്കൽ → മേൽനോട്ടം → അവലോകനം

നിങ്ങളുടെ ഓരോ ആവശ്യത്തിനും ഈ പ്രക്രിയ തുടരും.